ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് റണ്‍സിന്റെ ജയം. ഓക്ലന്‍ഡ് ഈഡന് പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.
53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥയേര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. സ്കോർ: വെസ്റ്റ് ഇന്‍ഡീസ് 164/6, ന്യൂസിലന്‍ഡ് 157/9.
ഒരു ഘട്ടത്തിൽ ഒമ്പതിന് 107 എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലാൻഡിന്റെ തോൽവി ഭാരം കുറച്ചത്. 28 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം സാന്റ്നർ 55 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടിം റോബിൻസൺ (27), രചിൻ രവീന്ദ്ര (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്ഡന്‍ സീല്‍സ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
ഓക്ലന്‍ഡിലെ ഈഡൻ പാർക്കിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചുവെന്ന റിക്കാർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി.